മേഘാലയ സംസ്ഥാനത്തിലെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ ഒരു പട്ടണമാണ് ചിറാപുഞ്ചി. പതിവില്‍ നിന്നും വിപരീതമായി ഈ യാത്ര ഒരു ട്രാവല്‍ ഏജന്റ്റ് മുഖേനയായിരുന്നു. വിമാനമാര്‍ഗം ആയിരുന്നു ഗുവഹാട്ടി വരെയുള്ള യാത്ര, അതിനു ശേഷം ഉള്ള 170 km ഏജന്‍സി ഏര്‍പ്പാടാക്കിയിരുന്ന വാനിലും. രാത്രി യാത്രയായതിനാല്‍ വഴികള്‍ ഒന്നും തന്നെ കാര്യമായി കാണുവാന്‍ സാധിച്ചില്ല, നഗരത്തിന്‍റെ തിരക്കുകളില്‍ കണ്ണടച്ച ഞാന്‍ കുറച്ചു സമയത്തിന് ശേഷം ഉണര്‍ന്നപ്പോള്‍ എന്‍റെ വാഹനം മലമുകളിലെ മായാലോകങ്ങളിലേക്ക് ചുവടുവച്ച് തുടങ്ങിയിരുന്നു. കേരളത്തോട് സദ്രിശ്യമായ ചില സ്ഥലങ്ങളും നദിയും എന്നെ കടന്നു പോകുന്നത് ഇരുട്ടിലൂടെ ഞാന്‍ കണ്ടുകൊണ്ടിരുന്നു. ഇടക്കെപ്പോഴോ മയങ്ങിയ എന്നെ ഡ്രൈവര്‍ വിളിച്ചുണര്‍ത്തിയപ്പോഴാണ് ചിറാപുഞ്ചിയിലെ മനോഹരമായ ഒരു ഹോട്ടലിന്‍റെ മുന്‍പിലാണ് ഞാന്‍ എന്ന് തിരിച്ചറിഞ്ഞത്. നല്ല ക്ഷീണം ഉണ്ടായിരുന്നതിനാലും രാത്രി ആയിരുന്നതിനാലും വേഗം തന്നെ ഞാന്‍ റൂമില്‍ എത്തി ഉറങ്ങാന്‍ കിടന്നു നാളത്തെ കാഴ്ചകളെ സ്വപ്നം കണ്ടുകൊണ്ട്. പുറത്ത് ചെറിയ രീതിയില്‍ അപ്പോളും മഴ പെയ്യ്തുകൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു..,
പിറ്റേന്നത്തെ പ്രഭാതം തന്നെ എനിക്ക് സമ്മാനിച്ചത് കോരിച്ചൊരിയുന്ന മഴയും തണുത്ത കാറ്റുമായി എത്തിയ പ്രകൃതിയുടെ മനോഹരദ്രിശ്യമായിരുന്നു., അന്ന് പ്രഭാതത്തില്‍ ഞാന്‍ കുടിച്ച കാപ്പിയുടെ രുചിക്ക് ലോകത്തിലെ ഏറ്റവും മനോഹരമായ കാപ്പി എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള മേന്മയാണ് പ്രകൃതി നല്‍കിയത്, ചിറാപുഞ്ചിയിലെ മഴയിങ്ങനെയാണ് ആകാശം താഴ്ന്നിറങ്ങി വന്നതുപോലെയുള്ള മേഘങ്ങള്‍ മുന്നറിയിപ്പൊന്നും കൂടാതെ എപ്പോഴാണ് മഴപൊഴിക്കുക എന്ന് അറിയില്ല. മഘമാലകള്‍ക്ക് പിന്നിലെ സൂര്യരശ്മികള്‍ ആകാശത്തില്‍ മഴവില്ല് വിരിയിക്കുന്നതും ഇവിടുത്തെ പതിവ്കാഴ്ചയാണ്.
ഹോട്ടല്‍ മുറിവിട്ടു ഞാന്‍ പുറത്തേക്കിറങ്ങി.., പൈന്‍മരക്കാടുകള്‍ തിങ്ങിനിറഞ്ഞ താഴ്വരകള്‍ ആണ് ചിറാപുഞ്ചിയുടെ ഭംഗി, എവിടെയും നനഞ്ഞ അന്തരീക്ഷം, നനഞ്ഞ ഭൂമിയുടെ ഗന്ധം അത് എന്നും എന്നെ ലഹരിപിടിപ്പിക്കാന്‍ പോകുന്നത്ര സൌരഭ്യം ഉള്ളതാണ്., മരങ്ങളില്‍ വളരുന്ന അപൂര്‍വ്വയിനം ഓര്‍ക്കിഡുകള്‍ ചിറാപുഞ്ചിക്ക് സ്വന്തമാണ്, യാത്രയിലുടനീളം മനോഹരമായി പൂത്തുലഞ്ഞുനില്‍ക്കുന്ന ഓര്‍ക്കിഡ് ചെടികള്‍ നമ്മുക്ക് കാണാം. പൂത്തുലഞ്ഞ മരചാര്‍ത്തുകളും ഇടയ്ക്കിടെ ദ്രിശ്യമാകുന്ന വെള്ളച്ചാട്ടങ്ങളും കാനനഭഗിയോടൊപ്പം എന്നെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. പരമ്പരാഗതമായി മരങ്ങളുടെ വേരുകള്‍ കൊണ്ട് തീര്‍ത്ത പാലങ്ങളും എനിക്ക് കാണാന്‍ സാധിച്ചു, പൂത്തുലഞ്ഞ ഈ പാലങ്ങള്‍ക്ക് നമ്മുടെ കോണ്‍ക്രീറ്റ് പാലങ്ങലെക്കാള്‍ ഉറപ്പും ഭംഗിയും ഉണ്ടെന്നത് ശ്രെധേയമാണ്.
കാഴ്ചകള്‍ക്കും അപ്പുറം ചിറാപുഞ്ചി ഒരു ചെറിയപട്ടണമാണ്, വലിയ ആള്‍ക്കൂട്ടങ്ങളോ ആര്‍ഭാടങ്ങളോ ഇവിടെ ഇല്ല, മഴയും കുളിരും കോടയും ചേര്‍ന്ന് നമ്മെ ഏകനാക്കുന്ന ഒരു സുന്ദരസ്വപ്നം പോലെയുള്ള പ്രദേശം. നാല് ദിവസത്തെ ചിറാപുഞ്ചി യാത്രകള്‍ക്ക് ശേഷം അല്പം വിഷമത്തോടെ തന്നെയാണ് ഞാന്‍ ഇവിടെ നിന്നും യാത്ര തിരിച്ചത്… എന്‍റെ അടുത്ത യാത്രയിലേക്ക്…..

