മഞ്ഞുവീഴുന്ന പുലരികള്‍ സമ്മാനിക്കുന്ന കോട്ടപ്പാറയിലേക്ക് ഒരു ജന്മദിനയാത്ര. | Kottapara view point | Kottappara |

Kottapara-view-point

നവംബര്‍ 16, ഈ ഭൂമിയെ ആസ്വദിക്കുവാന്‍ ഈ ലോകത്തേക്ക് വന്നിട്ട് ഇന്നേക്ക്  26 വര്‍ഷം തികയുന്നു. കണ്ട കാഴ്ചകളെക്കാള്‍ ആയിരം മടങ്ങ്‌ കാഴ്ചകള്‍ ഇനിയും അവശേഷിക്കുന്നു. രണ്ടു ദിവസം മുന്പ് മുതല്‍ തപ്പിതുടങ്ങിയതാണ്‌ ഈ ജന്മദിനത്തിനു കാണുവാന്‍ പോകേണ്ട സ്ഥലത്തെപറ്റി, അങ്ങനെയാണ് ഒരു whatsapp ഗ്രൂപ്പ് വഴി കൊട്ടപ്പാറ (Kottapara view point) എന്ന സ്ഥലത്തെകുറിച്ച് ഞാന്‍ അറിഞ്ഞത് തന്നെ. ചിത്രങ്ങളും വിവരണവും കണ്ടപ്പോള്‍ തന്നെ എന്‍റെ ഈ ജന്മദിനം പുലരുന്നത്  കൊട്ടപ്പാറയുടെ മേഘങ്ങള്‍ക്ക് മുകളിലായിരിക്കും എന്ന് മനസ്സില്‍ ഉറപ്പിച്ചു.

ഒട്ടും താമസിച്ചില്ല ഗൂഗിള്‍ അമ്മച്ചിയോട് വഴി ചോദിച്ചു., ഭാഗ്യം അമ്മച്ചിക്ക് വഴി പരിചയം ഉണ്ട്. ഗൂഗിള്‍ മാപ്പില്‍ എന്‍റെ വീട്ടില്‍ നിന്നും  89 കിലോമീറ്റര്‍ അകലം മാത്രമേ കോട്ടപ്പാറയിലെക്ക് ഉള്ളൂ. കൊട്ടപ്പാറക്ക് അടുത്തുള്ള ഒന്ന് രണ്ടു ടൂറിസ്റ്റ് സ്ഥലങ്ങള്‍ കൂടി കണ്ടുവച്ചു., പിറ്റേന്ന് എന്‍റെ ഒരു സുഹൃത്തിനോട്‌ കാര്യം പറഞ്ഞു കേട്ടപ്പോള്‍ പുള്ളിക്കും താല്പര്യം , അങ്ങനെ നവംബര്‍ 16 വെളുപ്പിനെ 3 മണിക്ക് യാത്ര തുടങ്ങാം എന്ന് തീരുമാനിച്ചു.  നേരത്തെ കിടന്നുറങ്ങണം എന്നൊക്കെ മനസ്സില്‍ ഉറപ്പിച്ചു കിടന്ന ഞാന്‍ pub g കളി കഴിഞ്ഞു കിടന്നപ്പോള്‍ സമയം 1 മണി ആയി. പിന്നീടുള്ള ഒന്നര മണിക്കൂര്‍ ഞാന്‍ ലാഭിഷായി ഉറങ്ങാന്‍ ശ്രെമിച്ചു. അങ്ങനെ രണ്ടരയുടെ അലാറം അടിച്ചു.

ഉറക്കക്ഷീണം കാരണം കണ്ണ് തുറക്കാന്‍ പോലും കഴിയുന്നില്ല, പുറത്ത് മഴ പെയ്യുന്ന സ്വരവും കേള്‍ക്കാം..! ഞാന്‍ എഴുന്നേറ്റ് നോക്കി ശരിയാണ് പുറത്ത് നല്ല മഴയുണ്ട്. മഴയും ഉറക്കവും എന്നെ പരമാവതി ഈ യാത്രയില്‍ നിന്നും പിന്നോട്ട് വിളിക്കുന്നു. പക്ഷെ പിന്മാറുവാന്‍ ഞാന്‍ തയാറായിരുന്നില്ല എന്‍റെ ജന്മദിനത്തില്‍ തന്നെ ഞാന്‍ മടിപിടിച്ച് ലക്ഷ്യത്തില്‍ നിന്നും പിറകോട്ടു പോയാല്‍ അതൊരിക്കലും ശരി ആവില്ലല്ലോ!!, വേഗം തന്നെ റെഡി ആയി മഴ കുറയാന്‍ കാത്തിരുന്നു. ഏകദേശം മൂന്നരയോടെ മഴ കുറഞ്ഞു. ക്യാമറബാഗും മറ്റൊരു ചെറിയ ബാഗും എടുത്ത് സുഹൃത്തിന്‍റെ വീട്ടിലേക്ക് നടന്നു., എന്നെക്കാത്ത് സുഹൃത്ത് ബൈക്കുമായി വഴിയില്‍ നില്‍ക്കുന്നുണ്ടായിരുന്നു. വീട്ടില്‍ നിന്നും പുതുപ്പള്ളി - പാല - തൊടുപുഴ - കോട്ടപ്പാറ ഇതായിരുന്നു ഞങ്ങളുടെ റൂട്ട്.

മഴയ്ക്ക് ശേഷം ഉള്ള യാത്രയായിരുന്നത്കൊണ്ട്  നല്ല തണുപ്പുണ്ടായിരുന്നു., നേരെ പുതുപ്പള്ളിയില്‍ ചെന്ന് നാലുമണിയോടെ പുതുപ്പള്ളിയിലെ ഒരു അച്ചായന്‍റെ ചായക്കടയില്‍ നിന്നും ഒരു ചായ കുടി പാസ്സാക്കി... ദോഷം പറയല്ലല്ലോ നല്ല അടിപൊളി  കൂറ ചായ..!, പിന്നെ തണുത്ത് വിറച്ചിരുന്നത് കൊണ്ട് ചൂട് എന്ത് കിട്ടിയാലും വിഴുങ്ങും എന്നൊരു അവസ്ഥയില്‍ ആയിരുന്നത് കൊണ്ട് മുഴുവനും കുടിച്ചു,. അവിടുന്ന്‍ നേരെ കിടങ്ങൂര്‍ വഴി പാല പിടിച്ചു..! , രാത്രിയില്‍ ഉറങ്ങികിടക്കുന്ന പാലായെ ആദ്യമായി ആണ് കണ്ടത്, വഴിയില്‍ എങ്ങും ഒരു പൂച്ചക്കുഞ്ഞു പോലും ഇല്ല.., അങ്ങനെ പാലായിലെ യുവറാണിയും മഹാറാണിയും പിന്നിട്ടു യാത്ര തുടര്‍ന്നു.., പിന്നീടുള്ള റോഡുകള്‍ കാണുമ്പോള്‍ എത്ര കക്കും എന്ന് പറഞ്ഞാലും അറിയാതെ മാണിസാറിനെ ഓര്‍ത്ത് പോയി.... തോടുപുഴയും പിന്നിട്ടു വണ്ണപ്പുറതു എത്തുമ്പോള്‍ ഏകദേശം അഞ്ചു മണിയോട് അടുത്തിരുന്നു.. അവിടുന്ന്‍ തുടര്‍ന്നുള്ള യാത്ര നല്ല ചാറ്റല്‍ മഴയും നനഞ്ഞു കൊണ്ടായിരുന്നു.... കൂനിന്മേല്‍ കുരു എന്നപോലെ ആയിരുന്നു കാര്യങ്ങള്‍ ഒന്നാമതെ നല്ല തണുപ്പ് ഉണ്ട് അതിനു പുറത്താണ് മഴയും. 

എന്നാലും കൊട്ടപ്പാറയിലെ കാഴ്ചകള്‍ ഓര്‍ത്തപ്പോള്‍ ഇവ ഒന്നും ഒരു തടസ്സമായി തോന്നിയില്ല. പോരാത്തതിനു എന്‍റെ ജന്മദിനവും, ലക്ഷ്യത്തില്‍ നിന്നും ഒരു തുള്ളി പോലും പിന്മാറാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. അങ്ങനെ ചാറ്റല്‍ മഴയും നനഞ്ഞു വണ്ണപ്പുറം എത്തി.. പിന്നീടുള്ള വഴി എനിക്ക് അന്യമായിരുന്നു.. വണ്ണപ്പുറം  പെട്രോള്‍ പമ്പില്‍ നിന്നും തിരിഞ്ഞു പോകണം എന്ന്‍ എവിടെയോ വായിച്ചിരുന്നു..!, എങ്കിലും ഗൂഗിള്‍ മാപ്പിനോട് ഒന്ന് ചോദിച്ചു.. വഴിയെല്ലാം ഗൂഗിള്‍ മാപ്പില്‍ ഉണ്ട്.. പിന്നീട് ഒന്നും നോക്കിയില്ല ഗൂഗിള്‍ പറഞ്ഞ വഴിയെ വച്ച് പിടിച്ചു... , എങ്കിലും നിരപ്പായ  റോഡില്‍ കൂടി മാത്രമാണ് ഇതുവരെയും സഞ്ചരിച്ചത് എന്നതുകൊണ്ട്‌ ഞാന്‍ ആകെ സംശയത്തില്‍ ആയിരുന്നു ഇതുതന്നെ ആവുമോ വഴി എന്നത് .. പേരിനു പോലും ഒരു കുന്നോ മലയോ പോകുന്ന വഴിയില്‍ കാണുന്നില്ലായിരുന്നു. കുറച്ചു സമയത്തെ യാത്രക്ക് ശേഷം സംശയങ്ങളെ എല്ലാം അസ്ഥാനത്താക്കിക്കൊണ്ട്  ഞങ്ങളുടെ ബൈക്ക് കയറ്റങ്ങള്‍ കയറുവാന്‍ തുടങ്ങി.. കുത്തനെയുള്ള പൊട്ടിപ്പൊളിഞ്ഞ ടാറിംഗ് ഉള്ള വഴിയിലൂടെയായിരുന്നു പിന്നീടുള്ള യാത്ര..

പക്ഷെ പെട്ടന്നാണ് അത് സംഭവിച്ചത് ഒരു വീടിന്‍റെ  ഒരു വീടിന്‍റെ മുന്‍പില്‍ എത്തിയപ്പോള്‍ ഗൂഗിള്‍ മാപ്പ് അറിയിച്ചു നിങ്ങള്‍ കോട്ടപ്പാറ  വ്യൂപോയിന്‍റ്ല്‍ എത്തി. ഞങ്ങള്‍ ഞെട്ടിപ്പോയി എന്ന്  പ്രത്യേകിച്ച് പറയണ്ടല്ലോ. പ്രത്യേകിച്ച് ഒരു കാഴ്ചകളും സമ്മാനിക്കാത്ത ആ സ്ഥലത്ത് എന്ത് വ്യൂ പോയിന്‍റ് ആണാവോ ഗൂഗിള്‍ കണ്ടെത്തിയത്! .. അധികം സമയം ആലോചിച്ചു നിന്നില്ല കൊച്ചുവെളുപ്പിനെ  തന്നെ ആ വീട്ടുകാരെ ഞങ്ങള്‍ വിളിച്ചുണര്‍ത്തി ഞങ്ങളുടെ തിരുമുഖം കണികാണിച്ചു... കോട്ടപ്പാറ പോകുന്ന വഴി ചോദിച്ചപ്പോള്‍ അടി കിട്ടും എന്ന്‍ പ്രതീക്ഷിച്ചെങ്കിലും ഒന്നും  പറയാതെ അദ്ദേഹം വഴി പറഞ്ഞു തന്നു.. എന്തായാലും ഞങ്ങള്‍ വന്ന വഴി തെറ്റിയിട്ടില്ലായിരുന്നു എന്നറിഞ്ഞപ്പോള്‍ ആണ് സമാധാനം ആയത്, ഇനിയും ഒന്നര കിലോമീറ്റര്‍ കൂടി ഈ വഴിയില്‍ സഞ്ചരിക്കുവാന്‍ ഉണ്ട്. പോകുന്ന വഴിയില്‍  ഒരു activa കയറ്റം കയറുവാന്‍ കഷ്ടപ്പെടുന്നുണ്ടായിരുന്നു... അവരെയും പിന്നിട്ടു ഞങ്ങള്‍ യാത്ര തുടര്‍ന്നു ഒടുവില്‍ 6 മണി ആയപ്പോള്‍ ഞങ്ങള്‍ കൊട്ടപ്പാറ വ്യൂ പോയിന്‍റില്‍ എത്തി നിര നിരയായി റോഡിന്‍റെ സൈഡില്‍ പാര്‍ക്ക് ചെയ്യ്തിരിക്കുന്ന അന്‍പതില്‍ കുറയാതെ ഉള്ള ബൈക്കുകള്‍ ... മാതാവിന്‍റെ ഒരു ഗ്രോട്ടോയും  വഴിയില്‍  തന്നെ ഉണ്ട്. ചാറ്റല്‍ മഴ അപ്പോളും തുടര്‍ന്നു കൊണ്ടിരുന്നു,

kottappara-jobin-ovelil

ചെറിയൊരു നടപ്പാതയിലൂടെ ഞങ്ങള്‍ വ്യൂ പോയിന്‍റിലേക്ക് നടന്നു..., ഒരുപാട് ആള്‍ക്കാര്‍ തിരിച്ചു നടന്നു വരുന്നുണ്ട്, ആരുടേയും മുഖത്ത്‌ അത്ര സന്തോഷം കാണുന്നില്ല,  ഒടുവില്‍ അവരില്‍ നിന്നും ഞങ്ങള്‍ ആ സത്യം മനസിലാക്കി, ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്ന ആ സ്വര്‍ഗീയകാഴ്ച ഇന്നത്തെ ദിവസം  അവിടെയില്ല.. എങ്കിലും ഞങ്ങള്‍ നടപ്പ് തുടര്‍ന്നു ലക്ഷ്യത്തില്‍ എത്തി. വലിയൊരു കുന്നിന്മുകളിലെ വലിയൊരു പാറയുടെ മുകളില്‍ നിന്നുകൊണ്ട് ഞങ്ങള്‍ കാഴ്ചകള്‍ കാണുവാന്‍ തുടങ്ങി,  അകലെയായി കാണാവുന്ന കുറച്ചു മലകളും, കയറി വന്ന വഴിയും താഴ്വാരത്ത്  ചെറുതായി കാണാവുന്ന കെട്ടിടങ്ങളും മരങ്ങളും റോഡുകളും അല്ലാതെ പ്രത്യേകിച്ച് എടുത്തു പറയത്തക്കതായ ഒന്നും അവിടെയില്ല. ചാറ്റല്‍ മഴ മൂലമായിരിക്കണം ചെറിയൊരു മൂടല്‍ മഞ്ഞുഉണ്ട് എന്നല്ലാതെ മറ്റൊന്നും തന്നെ കാര്യമായി അവിടെയില്ല. ചാറ്റല്‍ ഉള്ളത്  കൊണ്ട് ക്യാമറ പോലും പുറത്തെടുക്കാന്‍ പറ്റാത്ത അവസ്ഥ. ആകെക്കൂടി എന്‍റെ ജന്മദിനം  കുളമായി എന്ന് തന്നെ പറയണമല്ലോ...! ഒടുവില്‍ മൊബൈലില്‍ കുറച്ചു ഫോട്ടോസും എടുത്ത് ഞങ്ങള്‍ ബൈക്കിന്‍റെ അടുക്കലേക്ക് നീങ്ങി.. പള്ളിയുടെ കുരിശടിയില്‍ നേര്‍ച്ചയും ഇട്ടു  ആറര മണിയോട് കൂടി  ഞങ്ങള്‍ തൊമ്മന്‍കുത്തിലേക്ക് യാത്ര തിരിച്ചു...

Previous Post Next Post